കോർപ്പറേറ്റ് ലോകത്ത് ജോലിഭാരവും മാനസിക സമ്മർദ്ദവും ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ, ഒരു പ്രമുഖ കമ്പനിയിലെ തന്റെ മികച്ച തൊഴിൽ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരി. അഞ്ച് വർഷത്തിലേറെയായി ഒരേ ഓഫീസിലേക്ക് ജോലിക്ക് പോയിട്ടും, ഓരോ ദിവസവും അതേ ആവേശത്തോടെയാണ് താൻ ഓഫീസിലേക്ക് നടന്നു കയറുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
മൈക്രോസോഫ്റ്റിന്റെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരിയായ ദീപിക കൗൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കമ്പനിയുടെ പേരോ ആഗോള ബ്രാൻഡ് എന്ന പദവിയോ അല്ല, മറിച്ച് അവിടുത്തെ ജീവനക്കാർക്കിടയിലുള്ള മികച്ച തൊഴിൽ സംസ്കാരമാണ് തന്നെ ആകർഷിക്കുന്നതെന്ന് ദീപിക പറയുന്നു. “അഞ്ച് വർഷത്തിലേറെയായി ഞാൻ ഒരേ ഓഫീസിലേക്കാണ് നടന്നു പോകുന്നത്, എന്നിട്ടും ഇന്നും എനിക്ക് അവിടെ പോകാൻ വല്ലാത്തൊരു ആവേശമാണ്.
കേൾക്കുമ്പോൾ അത്ഭുതം തോന്നാം, അല്ലേ? പക്ഷേ അത് ആ കെട്ടിടത്തിന് മുകളിലെ പേര് കണ്ടിട്ടല്ല, അതിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ കൊണ്ടാണ്,” ദീപിക വീഡിയോയിൽ വ്യക്തമാക്കുന്നു.ഓഫീസിലെ ജീവനക്കാർ തമ്മിലുള്ള തുറന്ന ചർച്ചകളും പരസ്പരമുള്ള ആശയവിനിമയങ്ങളുമാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കടുത്ത മത്സരങ്ങൾക്ക് പകരം, ഓരോ ജീവനക്കാരന്റെയും വ്യക്തിപരമായ വളർച്ചയ്ക്കാണ് സഹപ്രവർത്തകർ മുൻഗണന നൽകുന്നത്.
വ്യക്തിജീവിതത്തിലോ ജോലിയിലോ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന ദിവസങ്ങളിൽ പോലും ഈ ഓഫീസ് അന്തരീക്ഷം തനിക്ക് ഏറെ ആശ്വാസം നൽകാറുണ്ടെന്ന് ദീപിക കൂട്ടിച്ചേർത്തു. വല്ലാത്തൊരു ഭാരത്തോടെ ഓഫീസിലേക്ക് വരുന്ന ദിവസങ്ങളിൽ, തിരികെ പോകുമ്പോൾ മനസ്സ് ശാന്തമാകാറുണ്ടെന്നും അവർ അനുസ്മരിച്ചു.
“നമ്മെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം ഒരു തൊഴിലിടം ലഭിച്ചാൽ അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്,” എന്ന ഉപദേശത്തോടെയാണ് ദീപിക വീഡിയോ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ആയിരക്കണക്കിന് പ്രഫഷണലുകളാണ് ഏറ്റെടുത്തിരിക്കുന്നത്. മികച്ച കരിയർ വളർച്ചയ്ക്ക് സഹാനുഭൂതിയുള്ളതും പിന്തുണ നൽകുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷം എത്രത്തോളം പ്രധാനമാണെന്ന ചർച്ചകൾക്കും ഈ വൈറൽ വീഡിയോ വഴിതുറന്നിരിക്കുകയാണ്.
