കൊച്ചി: ചാത്യാത്ത്-ഗോശ്രീ റോഡില്‍ ക്വീന്‍സ് വാക്ക്വേയുടെ ഭാഗമായ നടപ്പാതയില്‍ ഭക്ഷണ കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് തടയിട്ട് ഹൈക്കോടതി. തടസമില്ലാതെ നടക്കുകയെന്നത് മൗലികാവകാശമായതിനാല്‍ നടപ്പാതയില്‍ കിയോസ്കുകള്‍ സ്ഥാപിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് നടപ്പാതയുടെ ഉടമസ്ഥരായ ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അഥോറിറ്റി (ജിഡ) അധികൃതര്‍ പറഞ്ഞു.
ഗോശ്രീ ഒന്നാം പാലത്തിന് സമീപത്തമായി ചാത്യാത്ത്-ഗോശ്രീ റോഡിലെ വാക്ക്വേയില് കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ജിഡയാണ് കരാര്‍ ക്ഷണിച്ചത്. ഇതു പ്രകാരം 20 കടകള്‍ സ്ഥാപിക്കാന്‍ 80 ലക്ഷം രൂപയ്ക്ക് സ്ഥലം വിട്ടുനല്‍കി. ഇതില്‍ പലരും കടകള്‍ നിര്‍മിച്ച് വ്യാപാരവും ആരംഭിച്ചു.
രാത്രി സമയത്ത് ക്വീന്‍സ് വാക്ക്വേയിലെ സന്ദര്‍ശകരും ഭക്ഷണപ്രിയരും കിയോസ്കുകളിലെത്തി നടപ്പാതയിലും റോഡിലും തടസം സൃഷ്ടിക്കുകയാണെന്ന് കാട്ടി സമീപത്തെ തൃത്വം അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നഗരത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വാക്ക്വേ നിര്‍മിച്ചതെന്നും ഇവിടെ കിയോസ്കുകള്‍ക്ക് അനുമതി നല്‍കിയതെന്നും ജിഡ ഹൈക്കോടതിയെ ധരിപ്പിച്ചു. എന്നാല്‍ സ്ട്രീറ്റ് വെന്‍ഡിംഗ് ആക്ട് പ്രകാരം കൊച്ചി നഗരസഭയുടെ ബൈലോയില്‍ അയ്യപ്പന്‍കാവ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഗോശ്രീ-ചാത്യാത്ത് റോഡ് നോ വെന്‍ഡിംഗ് സോണായതിനാല്‍ കിയോസ്കുകളോ കടകളോ സ്ഥാപിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാക്ക്വേയുടെ വീതി കുറച്ച് കിയോസ്കുകള്‍ നിര്‍മിക്കുന്നത് കാല്‍നടയാത്രക്കാരുടെ മൗലികാവകാശത്തെ ബാധിക്കുന്നതോടൊപ്പം അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നിരീക്ഷണം.സൈക്കിള്‍ ട്രാക്ക്, ജോഗിംഗ് ട്രാക്ക്, നടപ്പാത എന്നിവയടക്കം ലക്ഷ്യമിട്ട് ജിഡയും കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡും ചേര്‍ന്ന് രൂപകല്പന ചെയ്തതാണ് കായലോരത്തെ ക്വീന്‍സ് വാക്ക്വേ.
