അബുദാബി∙ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ച് യുഎഇ ഒരുക്കുന്ന സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ യാത്രാ ട്രെയിൻ സർവീസുകൾക്ക് ഈ മാസം 30ന് പച്ചക്കൊടി ഉയരും. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ആദ്യ സർവീസ്.
അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക യാത്രാ ശൃംഖല സെപ്റ്റംബർ 30ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. സർവീസ് ആരംഭിക്കുന്നുവെന്ന വാർത്ത പരന്നതോടെ ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ നിന്നും നൂറുകണക്കിനാളുകൾ ടിക്കറ്റ് എടുത്തു തുടങ്ങി.
പലദിവസങ്ങളിലും സീറ്റുകൾ ലഭ്യമല്ലെന്ന അറിയിപ്പാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കംഫർട്ട് ക്ലാസിൽ 55 ദിർഹവും പ്രീമിയം ക്ലാസിൽ 120 ദിർഹവുമാണ് വൺവേ നിരക്ക്.
അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് ഒരു മണിക്കൂറും 45 മിനിറ്റും മാത്രമാണ് എടുക്കുക.
തുടർന്ന് സെപ്റ്റംബർ 30ഓടെ ദുബായി, അൽ ദൈദ് സ്റ്റേഷനുകളും ഡിസംബർ 30നകം അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
പദ്ധതിയുടെ പൂർണരൂപം കൈവരിച്ചുകൊണ്ട് 2027 മാർച്ച് 30നകം ഷാർജ സ്റ്റേഷനിലേക്കും സർവീസ് നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി.
എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽ ഗതാഗത ശൃംഖല, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസത്തിനും നിക്ഷേപ സാധ്യതകൾക്കും പുതിയ അവസരങ്ങളൊരുക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യകളോടെ സ്മാർട് യാത്രാ സംവിധാനമാണ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുള്ളത്. കഫേകൾ, റസ്റ്ററന്റുകൾ, രാജ്യാന്തര ബ്രാൻഡുകളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയും ട്രെയിനിനുള്ളിൽ തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
400 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 13 ട്രെയിനുകളാണ് സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
- അനിൽ സി. ഇടിക്കുള
