സിംഗപ്പുർ: തായ്ലൻഡിൽ നിന്നും സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനെ കയറിപ്പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. കൂടാതെ 93,000 രൂപ ഇരയ്ക്ക് നൽകാനും സിംഗപ്പുർ കോടതി വിധിച്ചു. വിമാന ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ഇന്ത്യക്കാരനായ ആകാശ് തിവാരിക്ക് (35) ആറ് മാസം തടവും പിഴയും (982 ഡോളർ) വിധിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 9 ന് ആകാശ്, നാല് സുഹൃത്തുക്കളോടൊപ്പം തായ്ലൻഡിൽ നിന്ന് സിംഗപ്പുരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് സ്ഥിരീകരിക്കാനായി ജീവനക്കാരി ആകാശിനെയും സുഹൃത്തുക്കളെയും സമീപിച്ചപ്പോഴാണ് മോശമായി പെരുമാറിയത്. സംഭാഷണത്തിനിടെ ആകാശ് യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു.
ഇവർ ഇക്കാര്യം എയർക്യൂവിന്റെ ചീഫിനോട് പരാതിപ്പെട്ടു. ഈ സംഭവത്തിന് ശേഷം യാത്രക്കാരിൽ നിന്നും ട്രേകൾ തിരിച്ചെടുക്കുന്നതിനിടെ ആകാശ് വീണ്ടും യുവതിയെ ശല്യം ചെയ്തു. പിന്നാലെ എയർഹോസ്റ്റസ് ഇത് ചോദ്യം ചെയ്തു. എന്നാൽ മാപ്പ് പറയുന്നതിന് പകരം പരിഹസിച്ച് ചിരച്ചു. വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ യുവതി ഗാലറിയിലേക്ക് മാറിയെങ്കിലും പ്രതി അവിടെയും അവരെ പിന്തുടർന്നു. മാറി നിൽക്കാനും തന്റെ പിന്നാലെ വരാതിരിക്കാനും എയർഹോസ്റ്റസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയാറായില്ല.
വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ എയർഹോസ്റ്റസ് നൽകിയ പരാതിയിൽ അപ്പോൾ തന്നെ ആകാശിനെ സിംഗപ്പുർ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കോടതി കേസിൽ വിധി പറഞ്ഞത്. സിംഗപ്പുർ ജയിലിൽ ആറ് മാസം തടവും 93,000 രൂപ എയർഹോസ്റ്റസിന് നഷ്ടപരിഹാരമായും ആകാശ് നൽകണം.
