നാദാപുരം: കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് നാദാപുരം അഗ്നിരക്ഷാസേന രക്ഷകരായി. ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയുടെ തലയിലാണ് ബുധനാഴ്ച്ച രാവിലെ പാത്രം കുടുങ്ങിയത്.
വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടെ കുട്ടി പാത്രം തലയിൽ വയ്ക്കുകയും തല പൂർണമായും പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയുമായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പല വിധത്തിൽ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിൽ കുട്ടിയുമായി വീട്ടുകാർ എത്തുകയായിരുന്നു. കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ എസ്. വരുൺ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മധുപ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനീജ് എന്നിവർ നേതൃത്വം നൽകി.
