കൊച്ചി: ഹൈബി ഈഡന് എംപിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പിടിയില്‍. എംപിയുടെ മുന്‍ സഹപാഠിയായ തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (43) ആണ് അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന് റോഡിലെ അമ്പാട്ട് വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു അക്രമം.
പാലാരിവട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വീടിന്റെ ജപ്തി നടപടികള്‍ എംപി ഇടപെട്ടു തടയണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നടപടികളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് എംപി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.
എംപിയെ കൊല്ലുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തുകയും രാത്രി 12.45ന് ഹൈബിയുടെയും ഭാര്യ അന്ന ലിന്‍ഡയുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് എംപിയുടെ വീട്ടിലെത്തിയത്.
എംപിയുടെ വീട്ടിലെ മുപ്പതോളം സെറാമിക് പൂച്ചെടിച്ചട്ടികള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയെങ്കിലും ഒരു കാര്‍ വേഗത്തില്‍ റിവേഴ്സ് എടുത്തു പോകുന്നതു മാത്രമാണ് എംപിയും ഭാര്യയും കണ്ടത്. രാവിലെയാണ് ചെടിച്ചട്ടികള്‍ പൊട്ടിക്കിടക്കുന്നത് കണ്ടത്.
എംപിയുടെ വീട്ടില്‍ അതിക്രമം നടത്തിയെന്നും കാര്‍ കത്തിക്കാന്‍ പോവുകയാണെന്നും പ്രതി പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചറിയിച്ചിരുന്നു. സിസിടിവി കാമറയില്‍ മുഖം പതിയുന്ന വിധത്തില്‍ സെല്‍ഫി വീഡിയോ എടുത്ത ദൃശ്യങ്ങളും പോലീസില്‍ കണ്ട്രോള് റൂമില്‍ വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡിംഗും എംപിക്കും ഭാര്യയ്ക്കും ആയാള്‍ വാട്സാപ്പില്‍ അയക്കുകയും ചെയ്തിരുന്നു.
