വിദേശത്തുനിന്നും 15 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഒരു പ്രവാസി പങ്കുവെച്ച ബംഗളൂരു നഗരത്തിലെ പ്രതിമാസ ലിവിംഗ് ബജറ്റ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്റെ ബജറ്റ് യാഥാർഥ്യത്തോട് അടുത്തതാണോ അതോ എനിക്ക് പൂർണമായും തെറ്റുപറ്റിയതാണോ?’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ പ്രതിവർഷം 85 ലക്ഷം രൂപ സ്ഥിര ശമ്പളമുള്ള ഒരു ജോലിയാണ് ഈ എൻആർഐയ്ക്ക് ലഭിച്ചിരിക്കുന്നത്. നികുതികളെല്ലാം കഴിഞ്ഞ് പ്രതിമാസം ഏകദേശം 4.6 ലക്ഷം രൂപ ഇദ്ദേഹത്തിന് കൈയിൽ കിട്ടും. എന്നാൽ ഈ തുകയിൽ നിന്നും മാസാവസാനം സമ്പാദ്യമായി മാറ്റിവെക്കാൻ വെറും ഒരു ലക്ഷം രൂപ മാത്രമാണ് അവശേഷിക്കുന്നത്.
“ഈ ബജറ്റ് അനുസരിച്ച് സാധാരണ സമ്പാദ്യത്തിലേക്കോ നിക്ഷേപങ്ങളിലേക്കോ മാറ്റിവെക്കാൻ എനിക്ക് ഒരു ലക്ഷത്തിന് മുകളിൽ മാത്രമേ ബാക്കി ലഭിക്കുന്നുള്ളൂ. ഇത് ഒരു നല്ല ബജറ്റ് ആണോ? എന്ന് ചോദിക്കുന്നു. “ബംഗളൂരുവിൽ സാധാരണ രീതിയിൽ ജീവിക്കാൻ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപയാകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേർ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. പ്രവാസി തയ്യാറാക്കിയത് അമിതമായി വീർപ്പിച്ച ഒരു ബജറ്റ് ആണെന്നും ചില മേഖലകളിൽ ചെലവ് ചുരുക്കാമെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
ഒരു വശത്ത് വലിയ തുക വാടക നൽകുന്നതിനൊപ്പം മറ്റൊരു വീടിന്റെ ലോൺ അടവും കാർ ലീസും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ചെലവ് വർദ്ധിപ്പിക്കുന്നതെന്ന് ഒരു ഉപയോക്താവ് കുറിച്ചു. എന്നാൽ ബംഗളൂരുവിലെ സ്കൂൾ വിദ്യാഭ്യാസ ചെലവ് എൻആർഐ കണക്കാക്കിയതിനേക്കാൾ കൂടുതലാണെന്നും, മാസം 20,000 രൂപ എന്നത് കുറവാണെന്നും അതിനായി 30,000 രൂപയെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
