പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. മുവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോള്‍ (43), ഇവരുടെ രണ്ടു വയസുള്ള മകനുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണനെയും (60) എട്ടു വയസുള്ള മകളെയും കണ്ടെത്തിയിട്ടില്ല.
അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിമോളുടെയും കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ആണ്‍കുഞ്ഞിന്റേയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഇവരില്‍ രണ്ടു പേര് മാത്രം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ചെറുവട്ടൂരില്‍ വീട് വാടകയ്ക്കെടുത്താണ് ഇവര്‍ താമസിക്കുന്നത്. പെണ്‍കുട്ടി ഇവിടെ അടുത്തുള്ള സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്.
നാരായണന് നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കിവിട്ടശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്. നാരായണനേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
