ന്യൂജഴ്സി: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ലോകകപ്പ് നോക്കൗട്ടിലെ ആദ്യ റൗണ്ടിൽ സ്വീഡന്റെ വെല്ലുവിളി സധൈര്യം മറികടന്ന് ഫ്രാൻസിന് ഗംഭീര വിജയവും പ്രീക്വാർട്ടർ പ്രവേശനവും. ഏകപക്ഷീയമായ 3-0 ഗോളുകൾക്കാണ് ഫ്രാൻസ് ആധികാരിക ജയം ഉറപ്പിച്ചത്. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 2.30ന് നടന്ന മത്സരത്തിന് സാക്ഷിയാകാൻ 80,663 പേരാണ് എത്തിയത്.
ആക്രമണത്തിൽ കൃത്യതയും വേഗതയും ചടുലതയും സമാസമം ചേർത്തായിരുന്നു മുൻ ചാന്പ്യൻമാരായ ഫ്രാൻസിന്റെ പ്രകടനം. ഇതാകട്ടെ അവരുടെ വിജയത്തിൽ പ്രതിഫലിച്ചു. സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാൻസിന്റെ വിജയത്തിൽ പ്രധാനമായത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി.
ജർമൻ മുൻ താരം മിറോസ്ലാവ് ക്ലോസെയെയാണ് എംബാപ്പെ മറികടന്നത്. 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് 27കാരനായ എംബാപ്പെ നേടിയത്. 29 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയ ലയണൽ മെസിയാണ് ഇനി മുന്നിലുള്ളത്. സ്വീഡന്റെ പ്രഗത്ഭ താരങ്ങളായ അലക്സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോക്കറെസ് എന്നിവർക്കൊന്നും അപകടങ്ങൾ വിതക്കാനായില്ല. മറുവശത്ത് എംബാപ്പെ തന്നെയായിരുന്നു ഫ്രാൻസിന്റെ മുന്നേറ്റങ്ങൾക്ക് കരുത്തുപകർന്നത്.
16-ാം മിനിറ്റിൽ എംബാപ്പെയുടെ മിന്നുന്ന ഷോട്ട് കണ്ടു. നീളൻ അടി സ്വീഡന്റെ ഗോൾകീപ്പർ ജാക്കോബ് വിഡെൽ സെറ്റർസ്ട്രോം തടുത്തിടുകയായിരുന്നു.തുടർന്ന്് നാല് മിനിറ്റിന് ശേഷം എംബാപ്പെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. എന്നാൽ ആദ്യപകുതി അവസാനിക്കും മുന്പ് 45-ാം മിനിറ്റിൽ ഫ്രാൻസ് മുന്നിലെത്തി. സഹതാരം ഉസ്മാൻ ഡെംബെലെയിൽ നിന്ന് ലഭിച്ച പന്തുമായി കുതിച്ച എംബാപ്പെ, സ്വീഡീഷ് പ്രതിരോധക്കാരെ മറികടന്ന് വലങ്കാലൻ ഷോട്ടിലൂടെ പന്ത് പോസ്റ്റിലേക്ക് പായിച്ചു. ഗോളി ജാക്കോബ് വിഡെൽ സെറ്റർസ്ട്രോമിന് അവസരം നൽകാതെ പന്ത് വലയിലെത്തി.
രണ്ടാംപകുതിയിലും ഫ്രാൻസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാൽ സ്വീഡൻ നിര ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 53-ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ലീഡുയർത്തി. അവരുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രാഡ്ലി ബാർക്കോള സ്വീഡിഷ് ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് ലക്ഷ്യം കാണുകയായിരുന്നു. രണ്ടു ഗോളുകൾക്ക് പിറകിലായ സ്വീഡൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഫ്രാൻസിന്റെ പ്രതിരോധം പിഴവുകൾ വരുത്തിയില്ല.
ഇതിനിടെ 74-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. മൈക്കൽ ഒലിസെയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ എംബാപ്പെ സ്വീഡിഷ് ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. 3-0 ഗോളുകൾക്ക് ഫ്രാൻസിന്റെ സന്പൂർണ ആധിപത്യം ഇതോടെ പ്രകടമായി.
