ഡള്ളാസ്: ഓസ്ട്രേലിയയുടെ ശക്തമായ പ്രതിരോധം മറികടന്ന് ഈജിപ്ത് ഇതാദ്യമായി ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് 4-2 എന്ന സ്കോറിൽ ഈജിപ്ത് വിജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ തോൽവിയോടെ ടൂർണമെന്റിൽ ഏഷ്യൻ പ്രതിനിധികളായി ഇനിയാരുമില്ല. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു മത്സരം.
യുഎസിലെ ഡള്ളാസ് സ്റ്റേഡിയത്തിൽ 70,244 പേരാണ് മത്സരം കാണാനെത്തിയത്. ജയം അനിവാര്യമായിരുന്ന ഇരുടീമുകളും പ്രതിരോധം ശക്തമാക്കി ആക്രമണത്തിലൂന്നിയാണ് കളിച്ചത്. 13-ാം മിനിറ്റിൽ ഈജിപ്ത് ആണ് ആദ്യഗോൾ നേടിയത്. അവരുടെ മുഹമ്മദ് സല-ഇമാം ആഷൂർ സഖ്യം നടത്തിയ ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്.
ആഷൂറിന്റെ ആദ്യ ഷോട്ട് ഓസ്ട്രേലിയയുടെ പ്രതിരോധത്തിൽ തട്ടി തെറിച്ചെങ്കിലും പന്ത് കൈക്കലാക്കിയ സഹതാരം ഒമർ മർമൂഷ് അത് ഹഫീസിന് നൽകി. ഹഫീസ് ബോക്സിലേക്ക് കൃത്യമായി നൽകിയ ക്രോസ് തകർപ്പൻ ഹെഡറിലൂടെ ഇമാം ആഷൂർ വലയിലെത്തിച്ചു 1-0. ഗോൾവീണതോടെ ഓസ്ട്രേലിയ തിരിച്ചടിക്കാൻ ശ്രമം ആരംഭിച്ചു. എന്നാൽ, ഈജിപ്ത് പ്രതിരോധം പഴുതകൾ അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ കളി മുറുകുന്നതാണ് കണ്ടത്. ഓസ്ട്രേലിയ സംഘം ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഈജിപ്തിന്റെ പ്രതിരോധം പതറി. 55-ാം മിനിറ്റിൽ ഓസ്ട്രേലിയ ഗോൾ നേടി. അവരുടെ എയ്ഡൻ ഒനീൽ ബോക്സിലേക്ക് പായിച്ച പന്ത് നിയന്ത്രിക്കാൻ ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിക്ക് കഴിഞ്ഞില്ല. ഹാനിയുടെ തലയിൽ തട്ടിയ പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിത് തിരിച്ചടിയായി.
മത്സരം സമനില. 1-1. പിന്നീട് ഇരുടീമും ഗോളിനായി നിരന്തരം ആക്രമിച്ചുകളിച്ചെങ്കിലും ലക്ഷ്യം അകന്നു. മത്സരത്തിന്റെ അധികസമയത്തും ഗോൾ വന്നില്ല. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ഈജിപ്തിന്റെ കിക്കെടുത്ത മഹമൂദ് സാബർ, റാമി റാബിയ, മുഹമ്മദ് സലാ, ഹൊസാം അബ്ദുൾ മജീദ് എന്നിവകുടെ കിക്കുകൾ ലക്ഷ്യം കണ്ടു. മറുവശത്ത് ഓസ്ട്രേലിയയുടെ ആദ്യ കിക്കെടുത്ത ഹാരി സൗട്ടർ പന്ത് പുറത്തേക്ക് അടിച്ചു തുലച്ചു. നാലാമത്തെ കിക്കെടുത്ത ലൂക്കാസ് ഹെറിംഗ്ടണിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങിയതോടെ ഈജിപ്ത് 4-2ന് വിജയം സ്വന്തമാക്കി.
