മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്നുവീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. മാൻഖുർദ് പ്രദേശത്ത് ആണ് സംഭവം. മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
ഞായറാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. കനത്ത മഴയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.
അഗ്നിശമനസേനയും പോലീസും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
