തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം, ആരോപണവിധേയനായ എഡിജിപി. എം.ആര്. അജിത് കുമാറിന് സ്ഥാനക്കയറ്റം നല്കാന് സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നു.പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനമെന്ന പേരിട്ട് മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവമായിരുന്നു ആലപ്പുഴ രക്ഷാപ്രവര്‍ത്തനം.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാനെയും പോലീസുകാരെയും രക്ഷിക്കുന്നതിന് വേണ്ടി എഡിജിപി. എം.ആര്. അജിത്ത് കുമാര്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി. ഷൗക്കത്തലിയോട് പോലീസ് ഉദ്യോഗസ്ഥർ അജിത്തിന്റെ ഇടപെടലിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു. കേസ് ഡയറി തിരുത്താന്‍ ഉള്‍പ്പെടെ അജിത്ത് കുമാര്‍ ശ്രമിച്ചെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
ഈ സംഭവത്തില്‍ വിശദമായ അന്വേഷണം അജിത്തിനെതിരെ നടത്തണമെന്നുകാട്ടിയുള്ള റിപ്പോര്‍ട്ട് എസ്പി. ഷൗക്കത്തലി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിരുന്നു.അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നല്ക രണ്ടാഴ്ച പിന്നിട്ടിട്ടും അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് അജിത്തിനെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
നിലവിലെ ഫയര്‍ഫോഴ്സ് മേധാവി നിഥിന് അഗര്‍വാള്‍ ഈ മാസം മുപ്പതിന് വിരമിക്കുമ്പോള്‍ അടുത്ത ഡിജിപി റാങ്കിലേക്ക് സീനിയോറിറ്റി പ്രകാരം പരിഗണിക്കേണ്ട മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് അജിത്ത് കുമാറാണ്.അജിത്ത് കുമാറിന് സ്ഥാനക്കയറ്റം നല്‍കുന്നതിന് മുന്നോടിയായി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
നിലവില്‍ അജിത്തിനെതിരെ നടപടിയെടുത്താല്‍ സ്ഥാനക്കയറ്റത്തെ ബാധിക്കും. അതിനാലാണ് അജിത്തിനെതിരെ നടപടി സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്.അതേ സമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
