കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിംഗ് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതായി ആക്ഷേപം. പഴയ പാര്‍ക്കിംഗ് രീതി ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിനു അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്തു യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണു നിലവിലെ ക്രമീകരണം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിക്ഷണാടിസ്ഥാനത്തില്‍ പാരല്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. പുതിയ ക്രമീകരണം നടപ്പാക്കിയ ദിവസം മുതല്‍ പരാതികള്‍ വ്യാപകമാണ്. ദീര്‍ഘദൂരയാത്രക്കാരുടെ ഭാഗത്തു നിന്നുമായിരുന്നു ആദ്യം ആക്ഷേപം.വിവിധ സ്ഥലങ്ങളില്‍നിന്നും ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു പോകുന്നതിനായി സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തു നിന്നും ആരംഭിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് പിടിക്കാന്‍ സാധിക്കുന്നില്ല.
ഇതോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെയിറക്കി പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങും. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കു ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറിവരുന്നതു കാണാന്‍ സാധിക്കില്ല.രാവിലെയും വൈകുന്നേരവുമൊക്കെ നാമമാത്രമായ ട്രിപ്പുകൾ മാത്രമുള്ള ഗ്രാമീണ റൂട്ടുകളിലേക്കുള്ള ബസ്സുകൾ സ്റ്റാൻഡിന്റെ ഏതു ഭാഗത്താണു പാർക്കുചെയ്യുക എന്നതു സംബന്ധിച്ചു വ്യക്തതയില്ലാത്തതും ബുദ്ധിമുട്ടുകൾക്കിടയാക്കുന്നുണ്ട്.
കൃത്യസമയത്ത് ഓടിയെത്തി വണ്ടിതപ്പിപ്പിടിക്കുന്നതിനായി സ്റ്റാൻഡിനുള്ളിലൂടെ പായുന്നവർ ആയുസ്സിന്റെ ബലംകൊണ്ടാണ് അപകടങ്ങളിൽ നിന്നും രക്ഷപെടാറുള്ളത്.സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്ന ബസുകള്‍ പിന്നോട്ട് എടുക്കുമ്പോള്‍ ഡ്രൈവര്‍ക്കു പുറകില്‍ ആളോ, മറ്റു വാഹനങ്ങളോ ഉണ്ടോയെന്നു കൃത്യമായി കാണാന്‍ സാധിക്കില്ല.
നിരവധി യാത്രക്കാരണ് ഫോണ്‍ വിളിച്ചു ബസിനു പിന്നില്‍ നില്‍ക്കുന്നത്. ഹോണ്‍ മുഴക്കിയാലും യാത്രക്കാര്‍ ശ്രദ്ധിക്കാത്ത അവസ്ഥയാണ്. ഇതോടെ കണ്ടക്ടര്‍ ഇറങ്ങി യാത്രക്കാരെ മാറ്റി നിര്‍ത്തി വിസിലടിച്ചാണു ബസുകള്‍ പിന്നോട്ടു എടുക്കുന്നത്. രാത്രികാലങ്ങളിലാണു ബസുകള്‍ പിന്നോട്ടു എടുക്കാന്‍ ഏറെയും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്ന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പറയുന്നു.
പ്രിയദര്‍ശിനി പദ്ധതി കൂടി ആരംഭിച്ചതോടെ സ്റ്റാന്‍ഡില്‍ വലിയ തോതില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പ്രിയദര്‍ശിനി ബസുകളില്‍ കയറാനായുള്ള ശ്രമത്തില്‍ സ്ത്രീകള്‍ മറ്റു ബസുകളെ ശ്രദ്ധിക്കാത്തതും അപകടം വിളിച്ചു വരുത്തിയേക്കും. പുതിയ ക്രമീകരണം സ്റ്റാന്‍ഡില്‍ ട്രാഫിക് കുരുക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചു അടിയന്തരമായി പാരലല്‍ പാര്‍ക്കിംഗ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
