കോട്ടയം: കൃത്രിമകള്ള് ഉത്പാദനവും വില്പനയും തടയാന്‍ എക്സൈസ് രൂപീകരിച്ച ഓപ്പറേഷന് ശുദ്ധിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഷാപ്പിലെ അടുക്കളയിലേക്ക് എക്സൈസും ഭക്ഷ്യ സുരക്ഷാ വകുപ്പും. പോരായ്മകള്‍ കണ്ടാല്‍ പൂട്ടിക്കും. നല്ല കള്ള് കൊടുത്തില്ലെങ്കിലും പണി കിട്ടും.
ഷാപ്പുകളില്‍ നല്കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് എക്സൈസിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പുതിയ നീക്കം. കഴിഞ്ഞ മാസം കോട്ടയം അയ്മനം പരിപ്പ് തൊള്ളായിരംചിറ ഷാപ്പില്‍നിന്നു ഭക്ഷണം കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഷാപ്പുകളില്‍ കര്‍ശന പരിശോധനയ്ക്ക് എക്സൈസും ഭക്ഷ്യ സുരക്ഷാ വിഭാഗവും തയാറെടുക്കുന്നത്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 3,913 കള്ളുഷാപ്പുകളില്‍ 2,310 എണ്ണത്തില്‍ ഭക്ഷണവിതരണവും ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ കണക്ക്. എന്നാല്‍, മിക്കവയിലും അടുക്കള വൃത്തിഹീനമാണ്. അടുക്കളകള്‍ നവീകരിക്കാന്‍ നടത്തിപ്പുകാര്‍ക്കും ലൈസന്‍സിക്കും നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
ഗുരുതര പോരായ്മകള്‍ കണ്ടെത്തുന്ന പാചകപ്പുരകള്‍ പൂട്ടാനും നടപടിയുണ്ടാവും. കള്ളിന്റെയും ഭക്ഷണത്തിന്റെയും രുചി നുകരാന്‍ നൂറുകണക്കിനാളുകളാണ് ഷാപ്പുകളിലേക്ക് എത്താറുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമെ വിദേശികളും ഷാപ്പുകളില്‍ എത്താറുണ്ട്.
കള്ളിന്റെയും ഭക്ഷണത്തിന്റെയും രുചി നുകരുകയെന്ന ലക്ഷ്യത്തോടെയാണു വിദേശ സഞ്ചാരികള്‍ എത്തുക. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികളെ ഷാപ്പുകളിലേക്ക് എത്തിക്കാറുമുണ്ട്. കള്ളിനേക്കാള്‍ വരുമാനം ഭക്ഷണം വില്‍ക്കുന്നതിലൂടെ സമ്പാദിക്കുന്ന നിരവധി ഷാപ്പുകളുണ്ട്.രുചിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷാപ്പുകൾ ഗുണമേന്മയിലും ശുചിത്വ കാര്യങ്ങളിലും ശ്രദ്ധിക്കാറില്ലെന്നുള്ള പരാതി ദീര്‍ഘ കാലമായിട്ടുള്ളതാണ്. ഭക്ഷണ സാധനങ്ങള്‍ക്കു മിക്ക ഷാപ്പുകളും കൊള്ള നിരക്കാണ് ഈടാക്കുന്നത്.
ഇതിനൊപ്പം വ്യാജ ഭക്ഷണ സാധനങ്ങള്‍ നല്കി ഉപയോക്താക്കളെ കബളിപ്പിക്കുകയും ചെയ്യാറുണ്ട്. കുമരകം കരിമീനെന്ന പേരില്‍ സിലോപ്പിയ പൊള്ളിച്ചു നല്കുന്നതു പതിവാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകള്‍ക്കുള്ള എല്ലാ നിബന്ധനകളും കള്ളുഷാപ്പുകളിലെ ഭക്ഷണപ്പുരകൾക്കും ബാധകമാണെന്ന് ഭക്ഷ്യ സുരക്ഷാ അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു.
ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി എം. ലിജു ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഓപ്പറേഷന് ശുദ്ധിയുടെ ഭാഗമായി എല്ലാ ജില്ലകളിലും മൂന്നുവീതം എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡുകള്‍ ഒരുക്കാന്‍ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ അധികൃതരും പരിശോധനകളില്‍ പങ്കാളികളാവും. ഷാപ്പുകളില്‍ പോരായ്മകള്‍ കണ്ടാല്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പൊതുജനത്തിനു പരാതി നല്‍കാം.
