കൊച്ചി: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്വര്‍ണമെഡല്‍, പ്രോത്സാഹന സമ്മാനത്തുക വിതരണം നിലച്ചിട്ട് ആറു വര്‍ഷം. എസ്എസ്എല്ലി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പട്ടികജാതി വികസന വകുപ്പാണ് സ്വര്‍ണമെഡലും പ്രത്സോഹന സമ്മാനത്തുകയും ഏര്‍പ്പെടുത്തിയിരുന്നത്. തുടക്കത്തില്‍ നാലു ഗ്രാം തൂക്കമുള്ള മെഡലുകളാണ് നല്‍കിയിരുന്നത്. പിന്നീടത് മൂന്നു ഗ്രാം ആക്കി ചുരുക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി ഈ പദ്ധതി തന്നെ നിലച്ചിരിക്കുകയാണ്.
പട്ടികജാതി വര്‍ഗ വിദ്യാര്‍ഥികളോടുള്ള അവഗണനയാണ് ഇതിനു പിന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രോത്സാഹന സമ്മാനപദ്ധതിയും മുടങ്ങിയിട്ട് ആറു വര്‍ഷമായി. കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപയുടെ സമ്മാനപദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ല ഓഫീസുകളില്‍ അപേക്ഷ നല്‍കിയാണ് അര്‍ഹരായവര്‍ക്ക് തുക നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ തുടക്കനാളുകളില്‍ ഇത് കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് നിലച്ചുപോയി. പല ജില്ലകളില്‍ നിന്നും പത്തില്‍ താഴേ ദളിത് വിദ്യാര്‍ഥികള്‍ മാത്രമേ ഇതിന് അര്‍ഹരായിട്ട് ഉണ്ടാകാറുള്ളു.
പുതിയ സര്‍ക്കാരെങ്കിലും ദളിത് വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതി സംസ്ഥാന കോഡിനേറ്റര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലംസം ഗ്രാന്‍ഡായ 6.5 കോടി രൂപ, ഹോസ്റ്റല്‍ ഗ്രാന്‍ഡ് 23.15 കോടി രൂപ, ഫെലോഷിപ്പ് തുകയായ 2.5 കോടി രൂപ, അക്കാദമിക് അലവന്‍സ് 5.5 കോടി രൂപ, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ ഫീസായ 15.24 കോടി രൂപ എന്നിവ ഉള്‍പ്പെടെ 548 കോടി രൂപയാണ് വിവിധ പദ്ധതികളുടെ കുടിശികയായി കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സീമ മോഹന്‍ലാല്‍
