കൊച്ചി: താരസംഘടനയായ “അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടയാന്‍ കാരണമായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അന്‍സിബ ഹസന് അപേക്ഷ നല്കി. എറണാകുളം മുന്‍സിഫ് കോടതിയിലാണ് ചൊവ്വാഴ്ച അപേക്ഷ നല്‍കിയത്. കോടതിയുടെ മുന്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് അന്‍സിബ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ ശ്വേതയുടെ ഹര്‍ജി പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരാനും അനുമതി നല്‍കിയിരുന്നു.
ഇതിനിടെ മുന്‍സിഫ് കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ രാജിവെച്ച എക്സിക്യുട്ടീവ് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാന്‍ ഒരു വിഭാഗം നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. ശ്വേതാ മേനോന് പ്രസിഡന്റായ ഭരണസമിതി ഉടന്‍ യോഗം ചേരുമെന്നാണ് സൂചന. രാജിക്കാര്യം ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ചിരുന്നില്ല.
രാജിക്കത്ത് ഔദ്യോഗികമായി നല്കിയ നാലുപേര്‍ ഒഴികെയുള്ളവരെ വിളിച്ചുചേര്‍ത്ത് കമ്മിറ്റി ചേരാനാണ് തീരുമാനമെന്നറിയുന്നു. ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന് പക്ഷത്തിന്റെ നീക്കമെന്നാണ് സൂചന.
