കറാച്ചി: ഷാർജയിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ ചരക്ക് വിമാനം കാണാതായി. വിമാനം അറബിക്കടലിൽ തകർന്നുവീണോയെന്നാണ് സംശയം. അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന ബോയിംഗ് 737 വിമാനമാണ് കാണാതായത്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:21 ഓടെയാണ് വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടമായത്. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിലെ നാവിഗേഷൻ സിസ്റ്റത്തിന് തകരാർ സംഭവിച്ചതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.
രാത്രി 9:18ന് വിമാനത്തിനെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉള്ളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തെ സഹായിക്കാൻ കൺട്രോളർമാർ ശ്രമിച്ചെങ്കിലും 9:21 ഓടെ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. കറാച്ചിയിൽ നിന്നും ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.
വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വലിയ വ്യതിയാനങ്ങൾ ഉണ്ടാവുകയും തുടർന്ന് അതിവേഗത്തിൽ താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ‘ഫ്ലൈറ്റ്റഡാർ24’-ന്റെ പ്രാഥമിക അറിയിപ്പ്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കെ2 എയർവേയ്സ്’ എന്ന സ്വകാര്യ ചരക്ക് വിമാനക്കമ്പനിയുടേതാണ് ഈ വിമാനം.
കാണാതായ വിമാനത്തിനായി പാക്കിസ്ഥാൻ നാവികസേന, വ്യോമസേന, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ അറബിക്കടലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നേവി ഫ്രിഗേറ്റുകളും (യുദ്ധക്കപ്പലുകൾ) മറ്റ് വിമാനങ്ങളും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ 2020- ൽ കറാച്ചി വിമാനത്താവളത്തിന് സമീപം പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നുവീണാണ് അപകടം ഉണ്ടായത്. അന്ന് വിമാനത്തിലുണ്ടായിരുന്ന 99 പേരിൽ 97 പേരും കൊല്ലപ്പെട്ടിരുന്നു.
