കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ തൃക്കാക്കരയില്‍ 391.3 ഗ്രാം എംഡിഎംഎയുമായി ബോഡി ബില്‍ഡര്‍ പിടിയില്‍. ആലുവ സ്വദേശി മുഹമ്മദ് സാദിഖ് ആണ് പിടിയിലായത്. തൃക്കാക്കര താണപ്പാടം എന്ന സ്ഥലത്ത് നിന്നുമാണ് ഡാന്‍സാഫ് സംഘംപ്രതിയെ പിടികൂടിയത്. ജില്ലയിലെ പ്രധാന ലഹരി ഇടനിലക്കാരനാണ് ഇയാള്‍.
കൊച്ചിയിലെ വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടി കേസ് പ്രതിയായ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു. ബെഗളൂരുവില്‍ നിന്നും വ്യാപകമായി ലഹരി വാങ്ങി കുമരകത്തെ റിസോര്‍ട്ടില്‍ എത്തിച്ച് പാക്കറ്റുകളിലാക്കി കൊച്ചിയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും എത്തിക്കുന്ന സംഘത്തില്‍ പെട്ടയാളാണ് സാദിഖ്.
സാദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് വിവരം. ഇതിന് ലഹരികച്ചവടവുമായി ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ് ഡാൻസാഫ് സംഘം.ബോഡി ബില്‍ഡറും ബൈക്ക് റേസറുമായ മുഹമ്മദ് സാദിഖ് മിസ്റ്റര്‍ എറണാകുളം കൂടിയായിരുന്നു.
