ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും മുന്നറിയിപ്പുമായി മുൻ മന്ത്രി എം.എം. മണി. മര്യാദയ്ക്ക് ഭരിച്ചില്ലെങ്കിൽ ഫോറസ്റ്റുകാർ വഴിയെ നടക്കില്ലെന്നും, പോലീസുകാരെപ്പോലും പുല്ലുപോലെ കരുതുന്ന തങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിന്റെ ജെസിബി വിട്ടുകൊടുക്കാത്തതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറസ്റ്റുകാർ പോലീസ് ചമയേണ്ട, പോലീസുകാർ ഫോറസ്റ്റും ചമയേണ്ട. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ മര്യാദകേട് ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വരും. നിയമം കൈയിലെടുക്കേണ്ടി വരും.””നിയമം കൈയിലെടുക്കുമ്പോൾ മാങ്ങാത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ടുകേറാൻ വന്നാൽ, വരുന്നവരേയും ഞങ്ങൾ നേരിടും. അതിൽ ഒരു സംശയവുമില്ല.”
“”പോലീസുകാർ ഞങ്ങൾക്ക് പുല്ലാണ്, പിന്നെയാണോ ഫോറസ്റ്റുകാർ. നിനക്കൊക്കെ വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ട്. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഇത് തമാശയല്ല.” പ്രസംഗത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും മണി പരിഹാസമുയർത്തി. മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്ത് ഇരുന്ന് ഭരിക്കുകയാണെന്നും, സതീശൻ പൊലീസിനെ വിട്ടാൽ അതിനെ പുല്ലുപോലെയേ കാണുന്നുള്ളൂവെന്നും മണി പറഞ്ഞു.
