വാഷിംഗ്ടണ്‍ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സിസ്റ്റങ്ങളെയും ഹാര്ഡ്വേറുകളെയുംകുറിച്ച് പഠിച്ചും ഉറങ്ങിയും ആദ്യദിനം ചെലവഴിച്ച് ഡോ. അനില്‍ മേനോന്.
ബുധനാഴ്ച പുതിയ ക്രൂ അംഗങ്ങള്‍ക്കായുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുന്ന ചടങ്ങിനുശേഷം അദ്ദേഹം കൃത്യസമയത്ത് ഉറങ്ങാന്‍ പോയതായി നാസ അറിയിച്ചു. ഇന്നലെ ബഹിരാകാശത്തെ തന്റെ ആദ്യദിനത്തില്‍ അനില്‍ മേനോന് വ്യക്തിഗത സാധനങ്ങള്‍ അണ്‍പാക്ക് ചെയ്തു. തുടര്‍ന്ന്, ശ്വസന മാസ്കുകളും തീപിടിത്തം തടയുന്നതിനുള്ള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ളവയുടെ പരിശോധനയില്‍ അദ്ദേഹം വില്യംസിനെയും ഹാത്വേയെയും സഹായിച്ചു.
പുതിയ ഫ്ലൈറ്റ് എൻജിനിയര്‍മാരായ പ്യോട്ടർ ദുബ്രോവും അന്ന കികിനയും ഇന്നലെ വൈകിയാണ് ഉണര്‍ന്നത്. ഷിഫ്റ്റിന്റെ അവസാനം ബഹിരാകാശ നിലയത്തിലെ പത്ത് അംഗങ്ങളും ഒത്തുചേര്‍ന്ന് അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അവരുടെ ചുമതലകളെക്കുറിച്ചും അവലോകനം നടത്തി.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിൽ റഷ്യൻ സഞ്ചാരികളായ ഡോ. അനിൽ മേനോൻ, പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. 2027 ഏപ്രിലില്‍ സംഘം ഭൂമിയിലേക്കു മടങ്ങും.
