ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നുമുള്ള രോഹിംഗ്യകളുടെ അനധികൃത കുടിയേറ്റത്തിന് വഴിവിട്ട സഹായങ്ങൾ നൽകുകയും കള്ളഇടപാടുകൾ നടത്തുകയും ചെയ്യുന്ന അന്തർസംസ്ഥാന ശൃംഖലയെ ലക്ഷ്യമിട്ട് രാജ്യവ്യാപക റെയ്ഡുമായി ഇഡി.
ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്.അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നവർക്കു വ്യാജ ആധാർകാർഡുകൾ, പാസ്പോർട്ടുകൾ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ നിർമിച്ചു നൽകുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
വിദേശത്തുനിന്ന് സന്നദ്ധസംഘടനകളുടെ പേരിൽ വലിയതോതിൽ പണം വന്നിട്ടുണ്ടെന്നും ഈ തുക പല മ്യൂൾ അക്കൗണ്ടുകൾ വഴിയും മാറ്റിമറിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മനുഷ്യക്കടത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു.
ജാർഖണ്ഡ് പോലീസും ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും നേരത്തേ രജിസ്റ്റർ ചെയ്ത കേസുകൾ ഇഡി പിന്നീട് ഏറ്റെടുക്കുകയായിരുന്നു.
