മറയൂർ: തമിഴ്നാട് സർക്കാർ കെട്ടിട നിർമാണ സാമഗ്രികളായ കരിങ്കല്ല്, എംസാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിർമാണമേഖല കനത്ത പ്രതിസന്ധിയിലായി.
ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ റോഡ്, കെട്ടിടനിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയാണ്.
തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം മാത്രം മിച്ചമുള്ള മെറ്റീരിയലുകൾ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനാകൂ. അനധികൃത ഖനനം തടയാനും സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനുമാണ് ഈ നടപടി എന്നാണ് പറയുന്നത്.
ജിയോളജിക്കൽ ഡയറക്ടറേറ്റിന് കൂടുതൽ അധികാരം നൽകി അതിർത്തികടന്നുള്ള ചരക്ക് നീക്കം കർശനമായി നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.ഇടുക്കിയിലെ അതിർത്തി മേഖലകളിലെ ഭൂരിഭാഗം ക്വാറികളും തമിഴ്നാട് ഭാഗത്താണുള്ളത്. പുതിയ ഉത്തരവ് പ്രകാരം 20 ടൺ കല്ല് കൊണ്ടുപോകുന്നതിനേ പാസ് നൽകൂ. ഇതോടൊപ്പം വാഹന കൂലി വർധനവും ചേർന്നതോടെ നിർമാണ സാമഗ്രികളുടെ വില ഗണ്യമായി ഉയർന്നു.
ദേശീയപാതയുടെയും അന്തർസംസ്ഥാന ഹൈവേകളുടെയും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന സാഹചര്യത്തിൽ ഉണ്ടായിരിക്കുന്ന നിയന്ത്രണം കരാറുകാർക്ക് വലിയ തിരിച്ചടിയാണെന്ന് അവർ പറയുന്നു. ഭവനനിർമാണ മേഖല പൂർണമായും തടസപ്പെട്ട നിലയിലാണ്.
