വിദേശത്ത് താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ അവിടുത്തെ കഠിനാധ്വാനവും വെല്ലുവിളികളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ ഇപ്പോൾ യുഎസിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
നാട്ടിലെപ്പോലെ വീട്ടുകാരുടെ സംരക്ഷണവും സഹായവും വിദേശത്ത് ലഭിക്കില്ലെന്നും, ഇവിടെ ‘രാജകുമാരി പരിഗണന പ്രതീക്ഷിക്കരുതെന്നും യുവതി മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകം വിദേശത്തേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നു യുവതിയുടെ പ്രതികരണം.
വീട്ടുജോലികളും ദിവസേനയുള്ള ആവശ്യങ്ങളും ജോലി സമയത്തിന് ശേഷം സ്വയം തന്നെ ചെയ്യേണ്ടിവരുമെന്ന് യുവതി വ്യക്തമാക്കുന്നു. കുടിവെള്ളത്തിനായി മാത്രം മൂന്ന് ദിവസത്തിലൊരിക്കൽ 3.50 ഡോളർ (ഏകദേശം 290 രൂപ) മുടക്കി വലിയ വാട്ടർ ബോട്ടിലുകൾ വാങ്ങേണ്ടി വരുന്നുണ്ട്. കനത്ത ജോലിക്കുശേഷം ഇത്തരം വലിയ ക്യാനുകൾ ചുമന്നു കൊണ്ടുവരുന്നത് ഏറെ തളർത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. യുവതിയുടെ മറ്റ് വെല്ലുവിളികളോട് പലരും യോജിച്ചെങ്കിലും കുടിവെള്ളത്തെക്കുറിച്ചുള്ള പരാമർശത്തെ വലിയൊരു വിഭാഗം ആളുകൾ ചോദ്യം ചെയ്തു.
യുഎസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ടാപ്പ് വാട്ടർ തികച്ചും സുരക്ഷിതമാണെന്നും, കടകളിൽ നിന്ന് പണം കൊടുത്ത് ബോട്ടിലുകൾ വാങ്ങേണ്ട ആവശ്യമില്ലെന്നും ആളുകൾ കമന്റ് ചെയ്തു. ഫിൽട്ടർ ചെയ്ത വെള്ളം വേണമെങ്കിൽ പോലും തുച്ഛമായ ചെലവിൽ ആർഒ പ്യൂരിഫയറുകൾ വാങ്ങി വീട്ടിൽ സ്ഥാപിക്കാമെന്നും നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.
