ഉദയനാപുരം: ഓരുജലം കയറുന്ന കായലോര പ്രദേശത്ത് പെയിന്റിന്റെ കാലിയായ ടിന്നുകളിലും ഉപയോഗ ശൂന്യമായ ഫ്രിഡ്ജിന്റെ ഭാഗങ്ങളിലും ചെടികളും പച്ചക്കറികളും വിജയകരമായി കൃഷിചെയ്ത് യുവാവ് മാതൃകയാകുന്നു.ഉദയനാപുരം നേരേകടവിൽ കരിയിൽ ഭാഗത്ത് പി.വി.വിനിഷാണ് ചെത്തി, ബന്ദി, തുളസി, വിവിധയിനം പച്ചക്കറികൾ തുടങ്ങിയവ പ്രതികൂല സാഹചര്യത്തിൽ കൃഷി ചെയ്ത് നേട്ടമുണ്ടാക്കിത്.
മഴക്കാലത്ത് മഴവെള്ളം സംഭരിച്ചാണ് വിനീഷ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചെത്തി, തുളസി, ബന്ദി എന്നിവയുടെ പൂക്കൾക്ക് വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ടെന്ന് വിനീഷ് പറയുന്നു. വീടിനോട് ചേർന്നു നാലേക്കർ വിസ്തൃതിയുള്ള ജലാശയത്തിൽ കരിമീൻ കൃഷി ചെയ്യുന്ന വിനീഷിന് മികച്ച മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
ചെത്തിപ്പൂവിന്റെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അജിതാ മധുകുട്ടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, കെ.ദീപേഷ് , പി.വി.പുഷ്കരൻ ,രഞ്ജനാ സുനിൽ,അഭിജിത്ത് ചായപ്പള്ളി, ഷൈലജാ സതീശൻ , കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് തുടങ്ങിയവർ പങ്കെടുത്തു.
