കൊച്ചി: സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പോലീസ് കേസ് എടുത്തുയ പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച സംഗീത സംഗമത്തിനെതിരെ എറണാകുളം സൗത്ത് പോലീസാണ് നടപടിയെടുത്തത്.
ബുധനാഴ്ച വൈകുന്നേരമാണ് ആസാദി പാട്ടും പ്രതിഷേധവും നമ്മളും അവർക്കൊപ്പം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്തിയതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്.
വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മാനേജരുടെ പേര് മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരെ കണ്ടാലറിയാവുന്നവരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വേടനെ കൂടാതെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, എഴുത്തുകാരി നവമി തുടങ്ങിയ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെുക്കാൻ എത്തിയിരുന്നു. ധാരാളം ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്.
