ധാക്ക: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത വിശ്വസ്തനായ അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സ്ഥാനമൊഴിഞ്ഞത്.
അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീൻ പറയുന്നു. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷവും ഭരണതലത്തിൽ തുടർന്ന ഏക ഉന്നത വ്യക്തിത്വമാണ് ഇപ്പോൾ പടിയിറങ്ങുന്നത്.
രാജ്യത്തേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന തയാറെടുക്കുന്നതിനിടെയുണ്ടായ ഈ രാജി ഹസീനയുടെ പാർട്ടിക്കും രാഷ്ട്രീയ നീക്കങ്ങൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ പാർലമെന്റ് സ്പീക്കർ ആക്ടിംഗ് പ്രസിഡന്റായി ചുമതലകൾ നിർവഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
