കോഴിക്കോട്: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാര്‍ക്കെതിരേ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. കേസിൽ റിമാൻഡിലായ മരുതോങ്കര സ്വദേശി കീര്‍ത്തനയെ സര്‍വശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഓഫീസര്‍ പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ കെ.സി. കീര്‍ത്തന ഈമാസം 11നാണ് അറസ്റ്റിലായത്.
അതേസമയം, ശനിയാഴ്ച അറസ്റ്റിലായ ബിആര്‍സിയിലെ സ്പെഷൽ എജ്യുക്കേറ്റര്‍ കൂരാച്ചുണ്ട് സ്വദേശി കാവ്യയ്ക്കെതിരായ നടപടി തിങ്കളാഴ്ചയുണ്ടാകും.
ഓപ്പറേഷൻ തൂഫാനിൽ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്‍വാനിൽ നിന്നാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്.
മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.
