മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ധരാത്രി പതിനാറുകാരിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത കേസില്‍ നാല് പേര് പിടിയില്‍.
തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ റോബിന് കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് ലിജു നിവാസില്‍ അമല്‍ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പില്‍ കെ.വി. ജിതിന് (22), എടവക, ചാമാടിപ്പൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍ (23)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. യുവാക്കള്‍ നല്കിയ മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്ത പെണ്‍കുട്ടി പിന്നീട് അമല്‍ കൃഷ്ണയ്ക്കൊപ്പം സഞ്ചരിച്ച ബൈക്ക് കണിയാരത്തിന് സമീപം അപകടത്തില്‍പ്പട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്‍സ്പെക്ടര്‍ പി. റഫീഖ്, എസ്ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സിപിഒമാരായ നിസാര്‍, എം.ആര്. രമേഷ്, കെ.ആര്. അനീഷ്, ഷിന്റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
