പാതിരാത്രിയിൽ വീടിന്റെ ബാത്ത്റൂം തുറന്ന ഗൃഹനാഥൻ കണ്ടത് ഏഴടി നീളമുള്ള കൂറ്റൻ മുതലയെ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സോജിത്ര താലൂക്കിലാണ് നാടിനെ വിറപ്പിച്ച ഈ അപൂർവ്വ സംഭവം നടന്നത്. ബാലാഭായ് ചൗഹാൻ എന്നയാളുടെ വീട്ടിലാണ് രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവേ ഭീതിജനകമായ സാഹചര്യമുണ്ടായത്.
രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ബാലാഭായ് ഉണർന്നത്. കാരണം തിരക്കി ബാത്ത്റൂമിന്റെ ഭാഗത്തേക്ക് ചെന്ന ഇയാൾ, വാതിൽ തുറന്നപ്പോൾ ഉള്ളിൽ കൂറ്റൻ മുതല അനങ്ങാതെ കിടക്കുന്നതാണ് കണ്ടത്. ഭയന്നുപോയ ഗൃഹനാഥൻ ഉടൻ തന്നെ വിവരം വനംവകുപ്പിനെയും പ്രദേശവാസികളെയും അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഒരു മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി. തുടർന്ന് ഇതിനെ സമീപത്തുള്ള കുളത്തിൽ തുറന്നുവിട്ടു. മഴക്കാലത്ത് ജലാശയങ്ങളിൽ വെള്ളം ഉയരുമ്പോൾ ഇര തേടിയും ശരീരതാപനില ക്രമീകരിക്കാനുമായി മുതലകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പതിവാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
