പരവൂർ: രാജ്യത്തെ ആദ്യ വന്ദേ ഭാരത് ഫ്രൈറ്റ് ഇഎംയു (കാർഗോ) ട്രെയിനിന്റെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ കോട്ട ഡിവിഷനിൽ വിജയകരമായി പൂർത്തിയായി. പരീക്ഷണത്തിനിടെ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്റർ വേഗം കൈവരിച്ചു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച 16 വാഗണുകളുള്ള പ്രോട്ടോടൈപ്പാണ് ഡൽഹി-മുംബൈ റെയിൽവേ ഇടനാഴിയിൽ സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കുന്നത്.
മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ചരക്ക് ട്രെയിൻ. പരമ്പരാഗത ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗം മാത്രമുള്ളപ്പോൾ വന്ദേ ഭാരത് ചരക്ക് ട്രെയിനുകൾക്ക് ശരാശരി 80 മുതൽ 90 കിലോമീറ്റർ വരെ വേഗത ലഭിക്കും. ഇത് ചരക്ക് ഗതാഗത രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർഡിഎസ്ഒയുടെ നേതൃത്വത്തിലാണ് ട്രെയിനിന്റെ സുരക്ഷയും ബ്രേക്കിംഗ് സംവിധാനങ്ങളും ട്രാക്ഷനും വിലയിരുത്തുന്നത്.
മൊത്തം 395 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് ഈ വന്ദേ ഭാരത് കാർഗോ ട്രെയിൻ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഔഷധങ്ങൾ, താപനില വ്യതിയാനം ബാധിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ സുരക്ഷിതമായി എത്തിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.പെട്ടെന്ന് കേടുവരുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിനായി പ്രത്യേക റീഫർ കണ്ടെയ്നർ സൗകര്യവും ഇതിലുണ്ട്.
ഡൽഹി എൻസിആറിനും മുംബൈയ്ക്കും ഇടയിലുള്ള റൂട്ടിലാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.ട്രെയിനിന്റെ അടിയന്തര ബ്രേക്കിംഗ് സംവിധാനം, വളവുകളിലെ പ്രകടനം തുടങ്ങി വിവിധ സാങ്കേതിക വശങ്ങൾ വരും ദിവസങ്ങളിലും പരിശോധിക്കും. ചരക്ക് ഗതാഗതം കൂടുതൽ വേഗമുള്ളതും കാര്യക്ഷമവുമാക്കാൻ ഈ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിന് സാധിക്കും.
- എസ്. ആർ സുധീർ കുമാർ
