നെടുങ്കണ്ടം: കഞ്ചാവും ഒസിബി പേപ്പറും ക്യൂബൻ ഹവാന ചുരുട്ടും നിരോധിത പുകയില ഉത്പന്നങ്ങളുമായി ടീ ഷോപ്പ് ഉടമ – പേപ്പർ ഇക്ക എന്നറിയപ്പെടുന്ന കാരിശേരി മജീദ് ഹാസിം പിടിയിലായി.
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നെടുങ്കണ്ടം ടൗണിൽ മജീദ് ഹാസിമിന്റെ ടീ ഷോപ്പിൽനിന്നും വീട്ടിൽനിന്നുമായി കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 കവർ ഒസിബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും മൂന്നു ഗ്രാം കഞ്ചാവും പിടികൂടിയത്.
നെടുങ്കണ്ടത്ത് രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് എക്സൈസ് ഇൻസ്പെക്ടർ കെ.യു. അഭിലാഷ്, ഷാഡോ എക്സൈസ് അംഗങ്ങളായ രതീഷ് കുമാർ, ടിൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് 115 രൂപയുടെ സ്ട്രോംഗ് ചായയ്ക്കൊപ്പം കടിയായി, ഒസിബി വിൽക്കുന്ന പേപ്പർ വിൽക്കുന്ന ഇക്കായുടെ വിവരങ്ങൾ കിട്ടിയത്.
യുവാക്കൾ കോഡ് ഭാഷയായി പൊടിച്ചായ പറഞ്ഞാൽ 75 രൂപയ്ക്ക് ചായക്ക് ഒപ്പം ഹാൻസും കിട്ടും. പരിശോധനയിൽ ക്യൂബൻ നിർമിത ഹവാന ചുരുട്ട് കണ്ടെത്തിയത് എക്സൈസുകാർക്കും പുതുമയായി. ഓൺലൈൻ സൈറ്റ് വഴി ഒസിബി പേപ്പറുകൾ വാങ്ങി 200 മുതൽ 500 രൂപ വരെ പേപ്പറിന്റെ ക്വാളിറ്റി അനുസരിച്ചായിരുന്നു മജീദിന്റെ വില്പന.
തുടർ നടപടികളുടെ ഭാഗമായി പ്രതിയുടെ ഉപഭോക്താക്കളായ യുവാക്കളുടെ ഫോൺ നമ്പരും മറ്റു വിവരങ്ങളും എക്സൈസ് ശേഖരിച്ചുതുടങ്ങി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് നായർ, പ്രിവന്റീവ് ഓഫീസർ രതീഷ്കുമാർ, രാധകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി. വർഗീസ്, ടിൽസ് ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. അശ്വതി, സിവിൽ എക്സൈസ് ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.
