ചെന്നൈ: പ്രമുഖ തമിഴ് സിനിമാതാരം തൃഷയ്ക്കെതിരെ അശ്ലീലവും ദ്വയാർത്ഥമുള്ളതുമായ പരാമർശം നടത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് പരാതി നൽകി.
തഞ്ചാവൂരിൽ കാവേരി തർക്കവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ റാലി പ്രസംഗത്തിനിടെയായിരുന്നു വിവാദ സംഭവം. മുഖ്യമന്ത്രി ജോസഫ് വിജയ്യെ വിമർശിച്ചു സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ആരോ “തൃഷ, തൃഷ” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഉദയനിധി നടത്തിയ അധിക്ഷേപകരമായ ദ്വയാർത്ഥ പ്രയോഗമാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്.
പൊതുവേദിയിൽ വച്ച് ഒരു സ്ത്രീയെ വസ്തുവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഉദയനിധി സ്റ്റാലിൻ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡിഎംകെ നേതാവിന്റെ സംസ്കാരശൂന്യമായ പ്രയോഗത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ടിവികെയുടെ തീരുമാനം.
ഉദയനിധിയുടെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധം മാത്രമല്ല, തികച്ചും അറപ്പുളവാക്കുന്നതാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും തമിഴ്നാട് ബിജെപി വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. എം.കെ. സ്റ്റാലിൻ ഇതിനെതിരെ മിണ്ടാതിരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
