എറണാകുളം കാലടി പാലത്തിന് സമീപമുണ്ടായ ഗതാഗതക്കുരുക്കിനിടയിൽ ഹൃദയാഘാതം സംഭവിച്ച അപരിചിതനായ യാത്രക്കാരന് സിപിആർ നൽകി ജീവൻ രക്ഷിച്ച രണ്ട് മലയാളി നഴ്സുമാരെ പ്രശംസിച്ച് വ്യവസായി ഹർഷ് ഗോയങ്ക. അങ്കമാലി എൽഎഫ് ആശുപത്രിയിലെ നഴ്സായ അഞ്ജലി ബൈജു, നഴ്സിംഗ് വിദ്യാർഥിനിയായ ആർദ്ര രാജ് എന്നിവരെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചത്. ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും കാറിനുള്ളിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ട് ഉടൻ തന്നെ പുറത്തിറങ്ങി അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.
ആംബുലൻസ് സ്ഥലത്തെത്തുന്നത് വരെയുള്ള നിർണായക നിമിഷങ്ങളിൽ ഇരുവരും ചേർന്ന് കൃത്യസമയത്ത് സിപിആർ നൽകിയതാണ് രോഗിയുടെ ജീവൻ നിലനിർത്താൻ സഹായിച്ചത്. ഈ സംഭവത്തെക്കുറിച്ച് എക്സിൽ കുറിച്ച ഹർഷ് ഗോയങ്ക, ഇന്ത്യയ്ക്ക് ഇത്തരം ആളുകളെയാണ് ആവശ്യമെന്നും അഞ്ജലിയുടെയും ആർദ്രയുടെയും ധൈര്യത്തെയും കരുണയെയും സല്യൂട്ട് ചെയ്യുന്നുവെന്നും വ്യക്തമാക്കി. സമയബന്ധിതമായി നൽകിയ ഈ പ്രഥമശുശ്രൂഷ വലിയൊരു ദുരന്തം ഒഴിവാക്കിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പ് വൻതോതിൽ പ്രചരിക്കുകയും നിരവധിയാളുകൾ ഇരുവരുടെയും സമയോചിതമായ ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തു. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ ഉയർന്ന നിലവാരത്തെയും സേവനമനോഭാവത്തെയും പ്രകീർത്തിച്ച ഉപയോക്താക്കൾ, ഡോക്ടർമാരെപ്പോലെ തന്നെ നഴ്സുമാരും സമൂഹത്തിന് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അടിസ്ഥാന ജീവൻരക്ഷാ മാർഗ്ഗമായ സിപിആർ എല്ലാവരും പഠിച്ചിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തു.
