ജപ്പാനിലെ ഷിസുവോക്ക പ്രവിശ്യയിലുള്ള സെവൻ-ഇലവൻ സ്റ്റോറിൽ ഇൻഡ്യൻ വിനോദസഞ്ചാരിക്ക് നേരെ വംശീയ അധിക്ഷേപവും പീഡനവും നടന്നതായി പരാതി. ഭക്ഷണം ചൂടാക്കി നൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കടയുടമ വംശീയമായി അധിക്ഷേപിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് ആനന്ത് എന്ന ഇൻഡ്യൻ സഞ്ചാരി വെളിപ്പെടുത്തി. എന്നാൽ സ്ഥലത്തെത്തിയ ജാപ്പനീസ് പോലീസ് ഇന്ത്യൻ സഞ്ചാരിക്ക് അനുകൂലമായി ഇടപെടുകയും കടയുടമയെ ശാസിക്കുകയും ചെയ്തു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആനന്ത് ദുരനുഭവം വ്യക്തമാക്കിയത്. കടയിലെ നേപ്പാളി ജീവനക്കാരനോട് ഭക്ഷണം ചൂടാക്കി നൽകാൻ അഭ്യർഥിക്കുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് കടയുടമ ഇടപെടുകയും ആനന്തിനോട് കയർത്തു സംസാരിക്കുകയും വംശീയ പരാമർശങ്ങൾ നടത്തുകയുമായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കുകയും ആനന്ത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. വിനോദസഞ്ചാരിയുടെ ഭാഗത്ത് തെറ്റില്ലെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അദ്ദേഹത്തോട് മാന്യമായി പെരുമാറുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അതിനൊപ്പം ഇൻഡ്യൻ സഞ്ചാരിയോട് മോശമായി പെരുമാറിയ കടയുടമയെ പോലീസ് ശക്തമായി ശാസിക്കുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഇൻഡ്യൻ സഞ്ചാരിയെ പിന്തുണച്ച നേപ്പാളി ജീവനക്കാരനോട് സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് ആനന്ത് വ്യക്തമാക്കി. നീതിയുക്തമായി ഇടപെട്ട് തനിക്ക് സംരക്ഷണം നൽകിയ ജാപ്പനീസ് പോലീസിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
