കൊല്ലം: മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോടുള്ള ഡിമാൻഡ് പരാമർശത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയുമായി ഫിഷറീസ് വകുപ്പ്. നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെയാണ് സ്ഥലംമാറ്റിയത്.
കൊല്ലത്തെ ഫിഷറീസ് ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് അടിയന്തര സ്ഥലംമാറ്റം.
തിരച്ചിൽ സംബന്ധിച്ച് ഗൗതമിന്റെ അമ്മ രേഷ്മയുമായി നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ ഉദ്യോഗസ്ഥയുടെ പരാമർശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവത്തിൽ ഉയർന്ന പരാതികൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നതെന്നാണ് വിവരം.
തെരച്ചിൽ നടത്തുന്നതിൽ കുടുംബം എന്തുകൊണ്ട് നേരത്തേ ആവശ്യം(ഡിമാൻഡ്) ഉന്നയിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥയുടെ ചോദ്യം. എന്തുകൊണ്ട് ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് അമ്മ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
അതേസമയം നിലവിലെ തിരച്ചിലിൽ തൃപ്തിയില്ലെന്നും നേവി വന്ന് തിരച്ചിൽ നടത്തണമെന്നും ഗൗതം കൃഷ്ണയുടെ രേഷ്മ പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളെ കുറിച്ച് ഒന്നും അറിയാത്തവരാണ് വകുപ്പിലെ ഉദ്യോഗസ്ഥരെന്നും ഇവർ വിമർശിച്ചു.
