പയ്യന്നൂര്‍: വാട്സാപ്പിലെ സുഹൃത്ത് യുകെയിൽ ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തി നടത്തിയ തട്ടിപ്പിൽ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ മുപ്പത്തെട്ടുകാരിക്ക് നഷ്ടമായത് 14,57,300 രൂപ.യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് ഡോ. ലൂയീസ് ഒവെന്‍ എന്നയാള്‍ക്കെതിരേ കേസെടുത്തു. 2023 മുതല്‍ വാട്സാപ്പ് സൂഹൃത്തായിരുന്നയാള്ക്കെതിരെയാണ് പരാതി. വാട്സാപ്പിലൂടെ താന്‍ യുകെയിലെ ഡോക്ടറാണെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.
പരാതിക്കാരിയെ കാണുന്നതിന് ഇന്ത്യയിലേക്ക് വരവേ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്നും കൈയിലുണ്ടായിരുന്ന 50,000 പൗണ്ട് പിടികൂടിയതായും ഇയാള്‍ പരാതിക്കാരിയെ അറിയിച്ചു. കസ്റ്റംസിന്റെ പിടിയിലുള്ള പ്രതിയെയും മകളെയും വിട്ടയക്കുന്നതിന് കസ്റ്റംസ് തീരുവയും എക്ചേഞ്ച് ചാര്‍ജുമായി വിവിധ തീരുവകള്‍ അടയ്ക്കണമെന്നും അറിയിച്ചു.
നടപടികള്‍ പൂര്‍ത്തീകരിച്ച് 50,000 പൗണ്ട് വിട്ടുകിട്ടുമ്പോള്‍ അതിന് തുല്യമായ 53 ലക്ഷം രൂപ തിരിച്ചുനല്‍കാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിക്കുകയായിരുന്നു.
ഇതില്‍ വിശ്വസിച്ച് 14,57,300 രൂപ നല്കിയ തന്നെ പ്രതി ചതിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് ഐടി ആക്റ്റുള്പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തത്.
