ജയ്പൂർ: കുടുംബവഴക്കിനെത്തുടർന്ന് 85കാരനായ മുത്തശ്ചനെ 16കാരൻ കൂട്ടുകാരന്റെ സഹായത്തോടെ കൊലപ്പെടുത്തി പുഴയിൽ തള്ളി. ഓഗസ്റ്റ് 10-ന് രാജസ്ഥാനിലെ പാലി ജില്ലയിലാണ് സഭവം. ഓഗസ്റ്റ് 12-ന് പുഴയ്ക്ക് സമീപത്തുനിന്ന് വയോധികന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ പരിക്കുകളും കഴുത്തുഞെരിച്ച പാടുകളും ശരീരത്തിലുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
വയോധികനെ കാണാതായിട്ടും കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നില്ല. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്ലസ്ടു വിദ്യാർഥിയായ കൊച്ചുമകൻ പതറിപ്പോവുകയും കുറ്റം സമ്മതിക്കുകയുമാണുണ്ടായത്.
കൊലപാതകത്തിന് മുന്നോടിയായി “മനുഷ്യനെ എങ്ങനെ കൊല്ലാം”, “കഴുത്തിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തിയാൽ മരണം സംഭവിക്കും” എന്നിങ്ങനെ ഇന്റർനെറ്റിൽ പരതിയതായി ഫോൺ പരിശോധിച്ച പോലീസ് കണ്ടെത്തി.
സുഹൃത്തുമായി ചേർന്ന് സ്ക്രൂഡ്രൈവറും കത്തിയുപയോഗിച്ച് മുത്തശ്ചനെ ആക്രമിച്ച ശേഷം, മൃതദേഹം ചാക്കിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി പുഴയിൽ തള്ളുകയായിരുന്നു എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൃത്യത്തിനു ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇരുവരും വീട്ടി ലേക്ക് മടങ്ങിപ്പോയി ഉറങ്ങാൻ കിടക്കുകയും ചെയ്തു.
വയോധികന മറ്റ് രണ്ട് മക്കൾ സോഷ്യൽ മീഡിയ വഴി മാത്രമാണ് പിതാവിന്റെ മരണവാർത്തെറിഞ്ഞത്. തുടർന്ന് ഇവർ ഓഗസ്റ്റ് 13ന് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കൊച്ചുമകനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ പ്രതികളുടെ പങ്കുണ്ടോയെന്നറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
