ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നാഗപഞ്ചമി ആഘോഷങ്ങൾക്കിടെ മൃഗങ്ങളെപ്പോലെ പെരുമാറുകയും വൈക്കോലും പുല്ലും തിന്നുകയും ചെയ്യുന്ന വൃദ്ധന്റെ ദൃശ്യങ്ങൾ പുറത്ത്. രുദ്ലാപൂർ ഗ്രാമവാസിയായ ബുദ്ധിറാം (70) എന്നയാളാണ് നാഗപഞ്ചമി ദിനത്തിലെ പ്രത്യേക ചടങ്ങിന്റെ ഭാഗമായി മൃഗങ്ങൾക്ക് നൽകുന്ന തീറ്റയും വെള്ളവും കഴിച്ചത്. ഇയാൾക്ക് മഹിഷാസുരന്റെ ബാധ കയറിയതാണെന്നാണ് നാട്ടുകാരുടെ അവകാശവാദം.
1975 മുതൽ മൂന്നു വർഷത്തിലൊരിക്കൽ നാഗപഞ്ചമി ദിനത്തിൽ ഇത്തരമൊരു അപൂർവ്വ ചടങ്ങ് നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ചടങ്ങിന്റെ ദിവസം ബുദ്ധിറാം തന്റെ സ്വാഭാവിക പെരുമാറ്റത്തിൽ നിന്ന് മാറി മൃഗങ്ങളെപ്പോലെ നടക്കാൻ തുടങ്ങും.
സമയ് മാതാ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് കന്നുകാലികൾക്കായി വെച്ചിരിക്കുന്ന വൈക്കോലും പുല്ലും ബുദ്ധിറാം തിന്നാൻ തുടങ്ങുകയും മൃഗങ്ങൾ വെള്ളം കുടിക്കുന്ന പാത്രത്തിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുകയും ചെയ്യും.
വിവരമറിഞ്ഞ് സമീപഗ്രാമങ്ങളിൽ നിന്നും വൻ ജനക്കൂട്ടമാണ് ഇത് കാണാനായി എത്തിയത്. അവിടെയെത്തിയ ആളുകൾ ബുദ്ധിറാമിന് പഴങ്ങളും ലഡ്ഡുവും പുല്ലും വൈക്കോലുമെല്ലാം നേരിട്ട് നൽകുകയും ചെയ്തു. ഈ സ്ഥലത്തെത്തി ആഗ്രഹങ്ങൾ പ്രകടിപ്പിച്ചാൽ അത് സാധിക്കുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
അതേസമയം, പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗമായാണ് നാട്ടുകാർ ഇതിനെ കാണുന്നതെങ്കിലും, വൃദ്ധന്റെ ഈ പെരുമാറ്റത്തിന് പിന്നിൽ വൈദ്യശാസ്ത്രപരമായോ മാനസികമായോ ഉള്ള കാരണങ്ങളുണ്ടാകാമെന്ന സംശയവും ഉയരുന്നുണ്ട്.
