തളിപ്പറമ്പ്: ഓപ്പറേഷൻ തണ്ടർ ആൻഡ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി റഷീദുൽ ഹഖിനെയാണ് (37) എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കുറുമാത്തൂർ, ചെറുക്കള, കൂനം ഭാഗങ്ങളിൽ നടന്ന മിന്നൽ റെയ്ഡിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ഇവിടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തിയതിന്റെ ബാക്കി ഭാഗമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു. ആസാമിൽ നിന്ന് കഞ്ചാവെത്തിച്ച് ചെറുപൊതികളായി വിൽപന നടത്തുകയാണ് ഇയാളുടെ രീതി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.അസീസ്, രാജേന്ദ്രൻ, മനോഹരൻ, പ്രിവന്റീവ് ഓഫിസർ കെ. മുഹമ്മദ് ഹാരിസ്, പി കെ. രാജീവ്, സിവിൽ എക്സൈസ് ഓഫിസർ പ്രണവ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സുജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
