കോട്ടയം: ഓണം പടിക്കലെത്തിയതോടെ നാടെങ്ങും പായസമേളകള്‍ സജീവമായി. ബേക്കറികളും ഹോട്ടലുകളും വിവിധ കുടുംബശ്രീ യൂണിറ്റുകളും പായസമേകള് ആരംഭിച്ചുകഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും ക്ലബ്ബുകളും ഓണാഘോഷങ്ങള്‍ തുടങ്ങിയതോടെ വിവിധ തരത്തിലുള്ള പായസങ്ങള്‍ക്കും ഡിമാന്‍സ് വര്‍ധിച്ചു.
കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹൗസ് റെസ്റ്ററന്റ് പായസക്കടയില്‍ ആറു വ്യത്യസ്തയിനം പായസങ്ങളാണ് ദിവസവും വില്പനയ്ക്കെത്തിക്കുന്നത്. പാലട, അടപ്രഥമന്‍, കടലപ്പരിപ്പ്, പൈനാപ്പിൾ, മുളയരി എന്നീ പായസങ്ങളാണ് വില്പനയ്ക്കുള്ളത്. ഇവിടത്തെ സ്പെഷല്‍ മുളയരി പായസത്തിന് ലിറ്ററിനു 850 രൂപയാണ് ഈടാക്കുന്നത്.
മറ്റു പായസങ്ങള്ക്കെല്ലാം ലിറ്ററിനു 480 രൂപയാണ് വില. എല്ലാസമയത്തും പായസ വില്പന നടത്തുന്ന ഇവിടെ ഓണക്കാലമായതോടെ ഡിമാന്‍ഡ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. മറ്റു ബേക്കറികളിലും പായസ വില്പന തകൃതിയായി നടക്കുന്നുണ്ട്. പല കടകളിലും വലിയ തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്.
അടപ്രഥമനും പാല്പായസത്തിനും ആവശ്യക്കാരേറെയാണ്. വലിയ ഹോട്ടലുകളില്‍നിന്നുള്ള പായസം ഓണ്‍ലൈനില്‍ വാങ്ങുന്നവരും നിരവധിയാണ്. ഇവിടങ്ങളില്‍ അര ലിറ്ററിന് 270 രൂപ മുതലാണു വിലയീടാക്കുന്നത്.കടകളില്‍ ലഭിക്കുന്ന പായസം മിക്സുകള്ക്കും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. വിവിധ ബ്രാന്ഡുകള്ക്കനുസരിച്ചു വിലയും വ്യത്യാസമാണ്.
മുന്‍കാലങ്ങളില്‍ സേമിയയും പാലടയും അടപ്രഥമനും മാത്രമായിരുന്നു പായസം മിക്സുകള്‍. ഇപ്പോള്‍ പരിപ്പ് പ്രഥമനും വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്കു പുറമെ ഇളനീര് പായസം, പഞ്ചാമൃതപായസം, അവില് പായസം, പഞ്ചരത്നപായസം, ചക്കപ്പായസം, കടലപ്പായസം, പഴംമണി പായസം, മാമ്പഴപ്പായസം എന്നിങ്ങനെ നീളുന്നു ഇക്കുറി ഓണത്തിനൊരുങ്ങുന്ന വെറൈറ്റി പായസങ്ങളുടെ നിര. പായസത്തിനു പുറമെ ബേക്കറികളില്‍ ഉപ്പേരി, ശര്‍ക്കര വരട്ടി വില്പനയും പൊടിപൊടിക്കുകയാണ്.
