പിലാത്തറ: വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ മാടായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിലാത്തറയിലെ വരുണ്‍ കൃഷ്ണന്, ചെറുതാഴത്തെ സി.എം. ദാമോദരനെതിരെ നോട്ടീസയച്ചു. അഭിഭാഷകന് ടി.കെ. സജി മുഖേനയാണ് നോട്ടീസ് അയച്ചത്.
പിലാത്തറ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ അന്നത്തെ സൊസൈറ്റി സെക്രട്ടറിയുമായി ചേര്‍ന്ന് പ്രസിഡന്റിന്റെ അറിവില്ലാതെ ഒപ്പും രേഖകളും വ്യാജമായി നിര്‍മിച്ച് 12.50 ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് അപഹരിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ചതായി വരുണ്‍ കൃഷ്ണന് നോട്ടീസില്‍ ആരോപിക്കുന്നു.
ഇത്തരം ആരോപണങ്ങള്‍ തികച്ചും വ്യാജവും കെട്ടിച്ചമച്ചതും യാതൊരു വസ്തുതയും അടിസ്ഥാനവുമില്ലാത്തതുമാണെന്ന് നോട്ടീസില്‍ പറയുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തി വരുണ്‍ കൃഷ്ണന്റെ പരിചയക്കാര്‍ക്കിടയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയതായും ഇതിനായി മാധ്യമത്തെ ഉപയോഗപ്പെടുത്തിയതായും നോട്ടീസില്‍ ആരോപണമുണ്ട്.
ഇത്തരം പ്രചാരണം മൂലം സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഇടയില്‍ തന്റെ സല്‍പ്പേരിനും സാമൂഹിക പ്രതിഛായയ്ക്കും മങ്ങലേല്‍പ്പിച്ചതായും തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിച്ചെന്നും നോട്ടീസില്‍ പറയുന്നു.
ഇവയ്ക്കെല്ലാം നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നാണ് പ്രധാന ആവശ്യം. ആവശ്യങ്ങള്‍ ഏഴ് ദിവസത്തിനകം പാലിക്കാത്ത പക്ഷം നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
