ചികിത്സാ സൗകര്യങ്ങളോ ഗതാഗത മാർഗ്ഗങ്ങളോ ഇല്ലാത്തതിനെ തുടർന്ന് പ്രസവവേദന കൊണ്ട് പുളഞ്ഞ 26കാരിയായ ഗർഭിണിയെ കട്ടിലിൽ ചുമന്ന് അപകടകരമായ രീതിയിൽ പുഴ കടത്തി ഗ്രാമീണർ. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കൊയിൻഡുൽ ഗ്രാമത്തിലാണ് വികസനം തൊട്ടുതീണ്ടാത്ത ഗ്രാമീണരുടെ ദുരിതം വെളിവാക്കുന്ന സംഭവം നടന്നത്.
ഛായ സുരേഷ് നൈതം എന്ന യുവതിക്കാണ് വെള്ളിയാഴ്ച രാവിലെയോടെ പ്രസവവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് ആംബുലൻസ് പുറപ്പെട്ടെങ്കിലും ഗ്രാമത്തിലേക്ക് പാലമോ റോഡോ ഇല്ലാത്തതിനാലും പുഴയിൽ വെള്ളക്കെട്ട് രൂക്ഷമായതിനാലും വാഹനം വഴിയിൽ കിടന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് യുവതിയെ ഒരു കട്ടിലിൽ കിടത്തി, പ്രാദേശികമായി ‘കൺവാഡ്’ എന്നറിയപ്പെടുന്ന തടിയും തുണിയും ഉപയോഗിച്ചുള്ള സംവിധാനത്തിലൂടെ തോട് കടത്തുകയായിരുന്നു.
ഒരു ആരോഗ്യപ്രവർത്തകയും ഈ അപകടകരമായ യാത്രയിൽ ഇവരെ അനുഗമിച്ചു. പുഴയുടെ മറുകരയിൽ കാത്തുനിന്ന ആംബുലൻസിലേക്ക് യുവതിയെ മാറ്റിയ ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അടിസ്ഥാനപരമായ ആരോഗ്യ സേവനങ്ങളോ റോഡ് സൗകര്യമോ ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് ഗ്രാമീണർ. എല്ലാ വർഷവും മൺസൂൺ കാലത്ത് പ്രദേശവാസികൾ നേരിടുന്ന സ്ഥിരം ദുരിതമാണിതെന്നും, അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
