ഇൻഡിഗോ വിമാനത്തിനുള്ളിലിരുന്ന് ഡിസ്പോസബിൾ പ്ലേറ്റുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി കഴിക്കുന്ന കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിമാനത്തിനകത്തെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വീഡിയോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ, ഒരു സ്ത്രീ ഡിസ്പോസബിൾ പ്ലേറ്റുകൾ എടുത്ത് കുടുംബാംഗങ്ങൾക്ക് ഭക്ഷണം വിളമ്പുന്നത് കാണാം. സമോസ, ധോക്ള, തെപ്ല, മറ്റ് പലഹാരങ്ങൾ എന്നിവ അടങ്ങിയ വിഭവങ്ങളാണ് ഇവർ യാത്രയിലുടനീളം കഴിച്ചത്. ഒരു കുടുംബസംഗമത്തിന് സമാനമായ അന്തരീക്ഷമാണ് വിമാനത്തിനുള്ളിൽ ദൃശ്യമായത്.
ഭക്ഷണം കഴിക്കുന്നതിന് പുറമെ, സംഘത്തിലുണ്ടായിരുന്ന ചില പെൺകുട്ടികൾ വിമാനത്തിനുള്ളിലിരുന്ന് നെയിൽ ആർട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. പ്ലേറ്റുകളുമായി യാത്രക്കാർ ക്യാബിനിലൂടെ നടക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, യാത്രയുടെ അവസാനത്തോടെ ഭക്ഷണം വിളമ്പിയ സ്ത്രീ തനിയെ ഒരു വലിയ ഗാർബേജ് ബാഗിൽ മാലിന്യങ്ങളെല്ലാം ശേഖരിച്ച് വൃത്തിയാക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. വിമാനത്തിനുള്ളിൽ പുറത്തുനിന്നുള്ള ഭക്ഷണം വിലക്കണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ, അടച്ചിട്ട ക്യാബിനിൽ രൂക്ഷമായ മണമുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് മറ്റുള്ളവരുടെ വിമർശനം. സംഭവം വലിയ ചർച്ചയായെങ്കിലും വിഷയത്തിൽ ഇൻഡിഗോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
