തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങളാണ് പുതിയ മാറ്റത്തിന്റെ പരിധിയിൽ വരുന്നത്. സെപ്റ്റംബർ 21 മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എം.വി.ഡി വ്യക്തമാക്കി.
വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് എംവിഡി ഇത്തരം ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ലഭ്യമാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചായിരിക്കും ഇനി മുതൽ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുക.
എന്നാൽ, ചില സേവനങ്ങളിൽ കർശനമായ ഒടിപി പരിശോധന ഇല്ലാതിരുന്നത് അനധികൃത ഏജന്റുമാർ മുതലെടുക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അപേക്ഷാ നടപടികളിലെ സങ്കീർണതയും സമയക്കുറവും കാരണം ഏജന്റുമാരെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നത്.
അപൂർണമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷകൾ ബോധപൂർവം വൈകിപ്പിച്ച ശേഷം, അത് വേഗത്തിലാക്കി നൽകാമെന്ന് പറഞ്ഞ് അമിത തുക ഈടാക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് എംവിഡിയുടെ ഈ കർശന നടപടി. എല്ലാ സേവനങ്ങളും ഫെയ്സ്ലെസ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഇത്തരം തട്ടിപ്പുകൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
