കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കുകയും, ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെക്കൂടി പോലീസ് പിടികൂടി. വെള്ളിയാമാടിക്കുന്ന് പുളിയോടുകുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന അഖിൽ ആണ് അറസ്റ്റിലായത്.
മലപ്പറമ്പ് സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. ബംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നാണ് പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ചേവായൂർ സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള ഒരു വാടകവീട്ടിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ബന്ധനസ്ഥനാക്കുകയും ചെയ്തു. യുവാവിന്റെ നഗ്ന ചിത്രങ്ങൾ എടുത്തു രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത ശേഷം എട്ടു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബംഗളൂരുവിൽ നിന്നും പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ അതുൽ എന്ന കുട്ടി, ഡിങ്കൻ എന്നറിയപ്പെടുന്ന ജിഷ്ണു ജയൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
