മധ്യപ്രദേശിലെ മലിനമായ അജ്നാർ നദി മാസങ്ങളോളം ഒറ്റയ്ക്ക് ശുചീകരിച്ച ഇരുപതുകാരന് ആഗോള തലത്തിൽ വൻ പ്രശംസ. സോഷ്യൽ മീഡിയയിൽ ‘ബിട്ടു തബാഹി’ (Bittu Tabahi) എന്നറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരിക്കാണ് ഈ അപൂർവ്വ നേട്ടം കൈവന്നിരിക്കുന്നത്.
യുവാവിന്റെ സമാനതകളില്ലാത്ത പ്രവർത്തനത്തിൽ ആകൃഷ്ടനായി നെതർലൻഡ്സ് ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ ‘ദി ഓഷ്യൻ ക്ലീനപ്പ്’ (The Ocean Cleanup) സിഇഒ ബോയൻ സ്ലാറ്റ് (Boyan Slat) തങ്ങളുടെ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു.
സർക്കാർ സംവിധാനങ്ങളുടെയോ മറ്റ് വലിയ സംഘടനകളുടെയോ പിന്തുണയില്ലാതെ സ്വന്തം ചിലവിലാണ് സുരേന്ദ്ര നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്. ശുചീകരണത്തിന് ആവശ്യമായ അടിസ്ഥാന ഉപകരണങ്ങൾ സ്വന്തം പോക്കറ്റിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ഇയാൾ വാങ്ങിയത്.
അജ്നാർ നദിയുടെ ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും സുരേന്ദ്ര പങ്കുവെച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദി ഓഷ്യൻ ക്ലീനപ്പിന്റെ സ്ഥാപകനായ ബോയൻ സ്ലാറ്റ് “ഞങ്ങളോടൊപ്പം വന്നു പ്രവർത്തിക്കൂ” എന്ന് കുറിച്ചുകൊണ്ട് യുവാവിനെ തങ്ങളുടെ സംഘത്തിലേക്ക് ക്ഷണിച്ചത്.
ഒരു വലിയ ടീമിന്റെയോ സാമ്പത്തിക പിൻബലത്തിന്റെയോ സഹായമില്ലാതെ വ്യക്തിപരമായ നിശ്ചയദാർഢ്യം കൊണ്ട് മാത്രം ഒരു പ്രാദേശിക നദിയെ വീണ്ടെടുത്ത സുരേന്ദ്രയ്ക്ക് ഇപ്പോൾ അന്താരാഷ്ട്ര തലത്തിലാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സമുദ്രങ്ങളിലെയും നദികളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ സംഘടനയാണ് ‘ദി ഓഷ്യൻ ക്ലീനപ്പ്’.
