ലണ്ടൻ തെരുവുകളിലൂടെ പ്രൗഢഗംഭീരമായി കടന്നുപോകുന്ന രഥോത്സവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗത തമിഴ് ഹിന്ദു ക്ഷേത്രങ്ങൾ വർഷം തോറും സംഘടിപ്പിക്കുന്ന ‘തേര് തിരുവിഴ’ ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയാണിത്.
മനോഹരമായി അലങ്കരിച്ച വലിയ രഥങ്ങളിൽ ദേവതകളുടെ വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതാണ് ഈ ഉത്സവം. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഭക്തർ രഥത്തിന് മുന്നിൽ കവചങ്ങളോടെ തൂങ്ങിനിൽക്കുന്നതും കയറുകൾ പിടിച്ച് എഴുന്നള്ളത്തിന് നേതൃത്വം നൽകുന്നതും വീഡിയോയിൽ കാണാം. അത്ഭുതത്തോടെ നോക്കിനിന്ന വഴിയാത്രക്കാർ ഈ അപൂർവ കാഴ്ച മൊബൈൽ ഫോണുകളിൽ പകർത്തി.
എന്നാൽ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പൊതുനിരത്തുകളിൽ ഇത്തരത്തിലുള്ള വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ ഒരുവിഭാഗം ചോദ്യം ചെയ്തപ്പോൾ, ലണ്ടന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമാണിതെന്ന് മറുവിഭാഗം വാദിക്കുന്നു.
മതപരമായ ആഘോഷങ്ങൾ പൊതുവഴികൾ തടസ്സപ്പെടുത്താതെ സ്വകാര്യ ഇടങ്ങളിൽ മാത്രമായി ചുരുക്കണമെന്നുമുള്ള വിമർശനങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെയും മതവിശ്വാസങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് ലണ്ടനുള്ളതെന്ന് അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
