ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ‘ഐഫോൺ ഡ്യുവോ’പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തമാശകളുടെയും മീമുകളുടെയും പൂരപ്പറമ്പ്. ഫോണിന്റെ ആകാശത്തോളമുയർന്ന വില തന്നെയാണ് ഇത്തവണയും നെറ്റിസൺസിന്റെ പ്രധാന ആയുധം.
ഇന്ത്യയിൽ ഏകദേശം 2,99,900 രൂപയോളമാണ് ഐഫോൺ ഡ്യുവോയുടെ വില. മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ഫോൺ വാങ്ങാൻ ഇനി ഒരു വൃക്ക വിറ്റാൽ പോരാ, രണ്ട് ജോലിയെങ്കിലും ചെയ്യേണ്ടി വരുമെന്നാണ് എക്സ് പ്ലാറ്റ്ഫോമിലെ പ്രധാന കളിയാക്കൽ. ‘ഡ്യുവോ’ എന്ന പേര് വന്നത് തന്നെ രണ്ടു ജോലി ചെയ്യേണ്ടി വരുമെന്നത് കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം!
ആപ്പിൾ പുതിയ മോഡൽ ഇറക്കുമ്പോഴൊക്കെ ഉണ്ടാകാറുള്ള ‘വൃക്ക വിൽക്കൽ’ തമാശകൾ പുതിയ വിലക്കയറ്റത്തോടെ വീണ്ടും സജീവമായി.ഐഫോൺ 18 പ്രോയുടെ ഡിസൈൻ പഴയ ഐഫോൺ 17 പ്രോയുമായി വലിയ വ്യത്യാസമില്ലെന്ന് കാണിച്ച് ‘സ്പൈഡർമാൻ’ മീമുകളും ഷാറൂഖ് ഖാൻ ചിത്രങ്ങളിലെ രംഗങ്ങളും ഉപയോഗിച്ചാണ് ഉപയോക്താക്കൾ ട്രോളുന്നത്.
ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും പ്രോ മാക്സിന് 1,79,900 രൂപയുമാണ് ഇന്ത്യയിലെ ആരംഭ വില. ടെക് ലോകം പുതിയ സാങ്കേതികവിദ്യയെ കൗതുകത്തോടെ നോക്കിക്കാണുമ്പോൾ, സാധാരണക്കാരായ ഉപയോക്താക്കൾ അത്യാധുനിക വിലയെ ട്രോളുകൾ കൊണ്ട് നേരിടുകയാണ്.


