ആംബുലൻസിന് വഴി നൽകാതെ റോഡിൽ വണ്ടി നിർത്തിയിട്ട് റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ട്രാഫിക് കുരുക്കിൽ പെട്ട് ആംബുലൻസ് തുടർച്ചയായി സൈറൺ മുഴക്കിയിട്ടും അതൊന്നും കാര്യമാക്കാതെ യുവതി റീൽസ് ചിത്രീകരണം തുടരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
റോഡിന്റെ മറുഭാഗത്ത് നിന്നിരുന്ന ആളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വാതിൽ തുറന്നുവെച്ചാണ് യുവതി വീഡിയോ പകർത്തിയത്.
ആംബുലൻസ് ഡ്രൈവർ രോഗിയുമായി ആശുപത്രിയിലേക്ക് പോകാൻ വഴി ചോദിച്ച് തുടർച്ചയായി സൈറൺ മുഴക്കുന്നുണ്ടായിരുന്നു. എന്നാൽ യുവതി കാർ മാറ്റാനോ വഴി നൽകാനോ തയ്യാറായില്ല.
“ഇവിടെ ഒരു പെൺകുട്ടി വീഡിയോ ഉണ്ടാക്കുകയാണ്, പുറകിൽ ആംബുലൻസ് കിടന്ന് സൈറൺ അടിക്കുന്നുമുണ്ട്. ഇവരെ ഒക്കെ എന്ത് ചെയ്യണം ഗയ്സ്? ജയ്പൂരിൽ ഇങ്ങനത്തെ ആളുകളുമുണ്ട്” എന്ന് വീഡിയോ ചിത്രീകരിച്ചയാൾ ദേഷ്യത്തോടെ പറയുന്നത് കേൾക്കാം. “നിങ്ങളുടെ വീഡിയോ കാത്തുനിൽക്കും, എന്നാൽ ഒരാളുടെ അടിയന്തരാവസ്ഥയ്ക്ക് കാത്തുനിൽക്കാനാവില്ല” എന്ന സന്ദേശത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോ വൈറലായതോടെ ജയ്പൂർ പോലീസിനെ ടാഗ് ചെയ്തുകൊണ്ട് നിരവധി പേരാണ് യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ആംബുലൻസിന് വഴി നൽകാത്തതും ഗതാഗതം തടസപ്പെടുത്തിയതും ഗുരുതരമായ കുറ്റമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.
