കുടുംബത്തിന്റെ പട്ടിണി മാറ്റാനും മക്കളുടെ പഠനച്ചെലവുകൾക്കുമയി 30 കിലോയോളം തൂക്കമുള്ള പ്ലൈവുഡും ചുമന്ന് കഠിനമായ മലനിരകൾ കയറുന്ന സരിതയെന്ന അമ്മയുടെ പോരാട്ടം വിഡിയോയിലൂടെ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കായികതാരമായ സാർത്ഥക് മലാനിയാണ് ലഡാക്കിലെ 1.8 കിലോമീറ്റർ കുത്തനെയുള്ള മലമ്പാതയിൽ വെച്ച് സരിതയെ കണ്ടുമുട്ടിയതും ആ പ്രചോദനാത്മകമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയതും.
മുഖം പൂർണമായി മൂടിയ രീതിയിലായിരുന്നതിനാൽ ആദ്യം ഒരു പുരുഷനാണെന്നാണ് സാർത്ഥക് കരുതിയത്. എന്നാൽ അടുത്തുചെന്ന് സംസാരിച്ചപ്പോഴാണ് അത് ഒരു സ്ത്രീയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇത്രയും കഠിനമായ ഭാരം പേറി സമീപത്തെ മൊണാസ്ട്രിയിലേക്ക് പ്ലൈവുഡ് എത്തിച്ചു നൽകുന്നതിന് ഒരു ദിവസം കേവലം 700 രൂപ മാത്രമാണ് സരിതയ്ക്ക് വേതനമായി ലഭിക്കുന്നത്.
ജീവിതത്തിൽ തളർന്നുപോകുമ്പോഴൊക്കെ തനിക്ക് ഇനി ഓർക്കാൻ സരിതജിയുടെ ഈ മുഖം മാത്രമായിരിക്കുമെന്നും, ലഡാക്ക് മാരത്തോണിന് തനിക്കുള്ള ഏറ്റവും വലിയ പ്രചോദനം ഈ അമ്മയാണെന്നും സാർത്ഥക് കൂട്ടിച്ചേർത്തു. യാതൊരു പരാതികളുമില്ലാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന സരിതയോട് സംസാരിക്കുന്നതിനിടയിൽ സാർത്ഥകും സരിതയും വികാരഭരിതരാവുകയായിരുന്നു. നഗരങ്ങളിൽ ജീവിക്കുന്ന മനുഷ്യർ സൗകര്യങ്ങൾക്ക് പിന്നാലെ പോയി മടിയന്മാരാകുമ്പോൾ, ജീവിക്കാനായി ദിവസവും ഇത്തരം കഠിനശ്രമങ്ങൾ നടത്തുന്ന മനുഷ്യരുടെ നിശ്ചയദാർഢ്യം വലിയൊരു പാഠമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളും കുറിക്കുന്നു.
